ഒറ്റനോട്ടത്തില്‍

ജനകീയാസൂത്രണ പദ്ധതിയുടെ മുപ്പതാം വാർഷികവും
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ നാലാം വർഷവും

ജനകീയാസൂത്രണ പദ്ധതിയുടെ മുപ്പതാം വാർഷികത്തിലേക്കാണ് നാം കടന്നുപോകുന്നത്. അതോടൊപ്പം, പതിനാലാം പഞ്ചവത്സര പദ്ധതിയുടെ നാലാം വർഷവും നാം പിന്നിടുകയാണ്.

1996–97 കാലഘട്ടത്തിൽ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതിയുടെ പ്രാരംഭഘട്ടം മുതൽ വൻ ജനപങ്കാളിത്തത്തോടെയാണ് ഗ്രാമസഭകൾ ചേർന്ന് വികസന ചർച്ചകൾ നടത്തിയത്. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും തുടർന്നുള്ള വർഷങ്ങളിൽ പദ്ധതികൾ നടപ്പാക്കുകയും ചെയ്തു.

കഴിഞ്ഞ 29 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ അടിസ്ഥാന സൗകര്യ വികസനത്തിലും, ജനങ്ങളുടെ ജീവിത നിലവാരത്തിലും, തൊഴിൽ, സാമൂഹിക, സാമ്പത്തിക മേഖലകളിലും ഗണ്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാന സർക്കാരുകൾ ബജറ്റിന്റെ വലിയൊരു വിഹിതം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുകയും, ജനപങ്കാളിത്തത്തോടെയും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചും പദ്ധതികൾ നടപ്പാക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനകരമായ രീതിയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതിന്റെ ഫലമായാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത്. ജനകീയാസൂത്രണ പദ്ധതി കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ജനാധിപത്യ വികേന്ദ്രീകരണ സംരംഭങ്ങളിലൊന്നാണ്.