This website is currently under construction, and the information provided on it is incomplete.
Institutional History

1922-ല്‍ കരിപ്പാപ്പറമ്പില്‍ വീട്ടുകാര്‍ രാജാവില്‍ നിന്നും 250 ഏക്കര്‍ സ്ഥലം വാങ്ങുകയും ഇവരാണ് കൃഷിക്കായി എത്തിയ ആദ്യ മലയാളികളെന്നും കരുതപ്പെടുന്നു. പാമ്പാടുംപാറയിലുള്ള തോട്ടത്തിലേക്കു പോകാന്‍ മര്‍ഫിസായ്പ് നിര്‍മിച്ച പാത ഇന്നത്തെ കുമിളി-മൂന്നാര്‍ റോഡിന്റെ ഭാഗമായി. ഈ കാലയളവില്‍ കൂലിപ്പണിക്കായി തമിഴ്നാട്ടില്‍നിന്നും ആള്‍ക്കാര്‍ എത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്നെത്തിയ ചക്കിലിയന്മാര്‍ താമസിക്കുന്ന പള്ളം (ചതുപ്പ്, പുല്‍മേട്, വനം) ആണ് ചക്കുപള്ളമായതെന്നും അതല്ല ജഗ്ഗു എന്ന തമിഴന്റെ പേരുചേര്‍ത്ത് ചക്കുപള്ളം ആയതാണെന്നും രണ്ടുപക്ഷമുണ്ട്. തമിഴില്‍ ഇപ്പോഴും ജക്കുപള്ളമെന്നാണ് എഴുതുന്നത്. തമിഴ്നാട്ടില്‍ കൃഷിക്കാവശ്യത്തിന് അണകെട്ടി അവിടെനിന്ന് കൈത്തോടുവെട്ടി തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോയിരുന്നു. അണകെട്ടിയ സ്ഥലം അണക്കര എന്നറിയപ്പെടുന്നു. വെള്ളം കൊണ്ടു പോകാനായി വെട്ടിയ തോടിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാം. പുരാതന കാലത്ത് ജനങ്ങള്‍ ഈ പ്രദേശത്ത് അധിവസിച്ചിരുന്നതായി ചില തെളിവുകള്‍ കാണാനുണ്ട്. ഏറെ തമിഴര്‍ അധിവസിക്കുന്ന ചക്കുപള്ളം മേഖലയില്‍ ഗോത്രവിദ്യാലയം 1950-ല്‍ തന്നെ സ്ഥാപിതമായി. ഈ നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തില്‍ കാഞ്ഞിരപ്പള്ളി, പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ എത്തി കൃഷി തുടങ്ങി. കൂടുതല്‍ ജനങ്ങള്‍ താമസമായതോടെ 1950-ല്‍ പാലാ-വണ്ടന്‍മേട് റൂട്ടില്‍ സ്വരാജ് ബസ് സര്‍വ്വീസ് ആരംഭിച്ചു.
1950-ലാണ് ചക്കുപള്ളം ട്രൈബല്‍ സ്കൂള്‍ ആരംഭിക്കുന്നത്. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി മുരുക്കടി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്. 1958-ല്‍ അണക്കര ഗവ.ഹൈസ്ക്കൂള്‍ ആരംഭിച്ചു. 1952-ല്‍ അണക്കര സെന്റ് തോമസ് പള്ളി ആരംഭിച്ചു. 1954-ല്‍ കുങ്കിരിപ്പെട്ടി ഓര്‍ത്തഡോക്സ് പള്ളി സ്ഥാപിതമായി. ഇവിടെയുള്ള തോട്ടങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ് ജോലിചെയ്യുന്നത്. സമുദ്രനിരപ്പില്‍നിന്ന് ഉദ്ദേശം 2500 അടിയോളം ഉയര്‍ന്നു കിടക്കുന്ന ഈ പ്രദേശം കുന്നുകളും താഴ്വരകളും ഉള്‍ക്കൊള്ളുന്നതാണ്. ഈ സ്ഥിതിവിശേഷം ഈ പ്രദേശത്തെ കൃഷിരീതിയുടെമേല്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും, പ്രദേശത്തിന്റെ അഭിവൃദ്ധിയും കാര്‍ഷിക മേഖലയുടെ ചലനങ്ങള്‍ക്കനുസരണമാണ്. ആദ്യകാലഘട്ടത്തില്‍ ഭക്ഷ്യവിളപ്രധാനമായ കൃഷി രീതിയായിരുന്നു ആളുകള്‍ അവലംബിച്ചിരുന്നത്. പിന്നീട് കര്‍ഷകര്‍ കൂടുതല്‍ ആദായകരമായ സുഗന്ധവിളകൃഷിയിലേക്ക് തിരിഞ്ഞു. ഏലം, കുരുമുളക് എന്നിവയുടെ ഉല്‍പാദനത്തില്‍ ഭാരതത്തിലെ തന്നെ ഒരു മികച്ചസ്ഥാനം ചക്കുപള്ളം പഞ്ചായത്തിനുണ്ട്. ഏറെ തമിഴര്‍ അധിവസിക്കുന്ന ചക്കുപള്ളം മേഖലയില്‍ ഗോത്രവിദ്യാലയം 1950-ല്‍ സ്ഥാപിതമായി. എട്ടാം മൈലില്‍ 1958-ല്‍ മറ്റൊരു വിദ്യാലയം കൂടി ആരംഭിച്ചു. ആരംഭത്തില്‍ എല്‍.പി വിഭാഗം മാത്രമായിരുന്ന ഈ വിദ്യാലയവും ഇന്ന് ഹൈസ്ക്കൂളായി പ്രവര്‍ത്തിക്കുന്നു. 1973-1974 കാലയളവിലാണ് ഈ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തത്. ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങിയവയിലൂടെയാണ് പ്രധാനമായും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.