പദ്ധതി രേഖ
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ നാലാം വര്‍ഷവും നാം പിന്നിട്ടു. ജനകീയസൂത്രണ പദ്ധതിയുടെ പ്രാരംഭകാലഘട്ടമെന്ന നിലയില്‍ 1997 കാലഘട്ടത്തില്‍ വന്‍ ജനപങ്കാളിത്തത്തോടെ ഗ്രാമസഭകള്‍ ചേര്‍ന്ന് ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തി തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ പഞ്ചായത്തില്‍ നടത്തേണ്ടവികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ നാം തയ്യാറാക്കിയിരുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ കഴിഞ്ഞ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ നാം വിലയിരുത്തുമ്പോള്‍ അടിസ്ഥാന സൌകര്യ വികസനത്തിലും, ജനങ്ങളുടെ ജീവിത നിലാവരത്തിലും തൊഴില്‍ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളിലും വളരെയേറെ പുരോഗതി കൈവരിക്കുന്നതിന് നമുക്ക് സാധിച്ചിട്ടുണ്ട്. കാലാകാലങ്ങളില്‍ മാറിവരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സംസ്ഥാന ബഡ്ജറ്റിന്റെ വലിയൊരു വിഹിതം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയും പ്രസ്തുത തുക ജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നതുവഴിയാണ് ഈ നേട്ടം നമുക്ക് കൈവരിക്കുന്നതിന് സാധിച്ചിട്ടുള്ളത്.
ഒരു നാടിന്റെ വികസനം എന്ന് പറയുമ്പോള്‍ പലപ്പോഴും ആ പ്രദേശത്തെ അടിസ്ഥാനസൌകര്യങ്ങളെയും ഭൌതീക സാഹചര്യങ്ങളെയും മാത്രം ആശ്രയിച്ചാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം നാം പലപ്പോഴും വിസ്മരിക്കുന്നു. അതുപോലെതന്നെ നമ്മുടെ നാട്ടില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പ്രകൃതിയ്ക്ക് ദോഷം വരുത്തുന്നവയാണോയെന്നും നാം ചിന്തിക്കേണ്ടതുണ്ട്.
അടിസ്ഥാന സൌകര്യ വികസനത്തില്‍ മാത്രം ഒതുങ്ങാതെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുതകുന്ന പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് നാം പ്രഥമ പരിഗണന നല്‍കേണ്ടത്. ഉത്പാദന മേഖലയില്‍ കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന വിഭവങ്ങള്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി വിപണിയില്‍ എത്തിക്കുന്നതിനും നാം പരിഹണന നല്‍കേണ്ടതുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് കാലാവസ്ഥവ്യതിയാനം. അതുമൂലമുണ്ടായിട്ടുള്ള ദുരന്തങ്ങള്‍ നാമോക്കെ അഭിമുഖീകരിച്ചിട്ടുള്ളതാണ്. ആയതിനാല്‍ കാലാവസ്ഥ വ്യതിയാനവും അതുമൂലം ഉണ്ടാകാനിടയുള്ള ദുരന്തങ്ങളും അഭിമുഖീകരിക്കുന്നതിനുതകുന്ന പദ്ധതികള്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കുന്നത് അനിവാര്യമാണ്. അത്തരം പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് നാം പരിഗണന നല്‍കിയിട്ടുണ്ട്.